Tuesday, September 06, 2011

TEACHER ?



ബ്രസീലിയൻ ചിന്തകൻ പൌലോഫ്രെയറുടെ (1927-1991)‘മർദ്ദിതരുടെ ബോധനശാസ്ത്രത്തിൽ’ ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ന്യൂനതകളെ സംഖ്യയിട്ട് കൊടുത്തിട്ടുണ്ട്. അവയിങ്ങനെ.
1. അദ്ധ്യാപകൻ പഠിപ്പിക്കുന്നു. കുട്ടികൾ പഠിക്കപ്പെടുന്നു
2. അദ്ധ്യാപകന് എല്ലാം അറിയാം. കുട്ടിൾക്ക് ഒന്നുമറിയില്ല
3
. അദ്ധ്യാപകൻ. അദ്ധ്യാപകൻ. അദ്ധ്യാപകൻ ചിന്തിക്കുന്നു. കുട്ടികൾ ചിന്തയ്ക്ക് വിഷയമാകുന്നു
4. അദ്ധ്യാപകൻ സംസാരിക്കുന്നു. കുട്ടികൾ താഴ്മയോടെ കേൾക്കുന്നു
5. അദ്ധ്യാപകൻ അച്ചടക്കം നടപ്പിലാക്കുന്നു. കുട്ടികൾ അച്ചടക്കം പാലിക്കുന്നു
6.
അദ്ധ്യാപകൻ തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതു സ്വീകരിക്കുന്നു
7. അദ്ധ്യാപകൻ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ആപ്രവർത്തനത്തിന്റെ മിഥ്യാബോധം ലഭിക്കുന്നു
8. അദ്ധ്യാപകൻ കാര്യപരിപാടിയുടെ ഉള്ളടക്കം തെരെഞ്ഞെടുക്കുന്നു. കുട്ടികൾ അതിനോട് പൊരുത്തപ്പെടുന്നു
9. അദ്ധ്യാപകൻ തൊഴിൽ പരമായ പ്രാമാണ്യവും വിജ്ഞാനസംബന്ധമായ ആധികാരികതയും കൂട്ടിക്കലർത്തി കുട്ടികളുടെ സ്വാതന്ത്ര്യത്തിനെതിരെ തിരിച്ചു വിടുന്നു
10. പഠനക്രിയയിൽ അദ്ധ്യാപകൻ പ്രവർത്തകനും കുട്ടികൾ വസ്തുക്കളും ആകുന്നു.
വാക്കുകളുടെ മുഴക്കമാണ് ഈ ആഖ്യാനവിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവം. വിഷയത്തെ യാന്ത്രികമായി ഓർമ്മ വയ്ക്കുന്നതിലേയ്ക്കാണ് കുട്ടിയെ ഇതു നയിക്കുന്നത്. അതായത് അവരെ സംഭരണികളാക്കുന്നു എന്ന്. എത്ര കൂടുതൽ സംഭരണികളിൽ നിറയ്ക്കുന്നോ അത്രയും നല്ല അദ്ധ്യാപകനാവും അയാൾ. അങ്ങനെ നിറച്ചുകൊള്ളാൻ എത്ര വിധേയത്വത്തോടെ ഇരിക്കുന്നോ അത്രയും നല്ല വിദ്യാർഥിയാവും കുട്ടി. ശാസകസമൂഹത്തിന്റെ ശീലങ്ങളാണ് സ്കൂളിൽ നടപ്പാവുന്നത്. അപമാനവീകരണത്തിന്റെ ഈ ശീലങ്ങളെ കൃത്യമായി നടപ്പാക്കിക്കൊടുക്കുന്ന അദ്ധ്യാപകനാണ് സമൂഹത്തിന്റെ ദൃഷ്ടിയിലും നല്ല അദ്ധ്യാപകൻ. പ്രശ്നത്തെ അവതരിപ്പിക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ അദ്ധ്യാപകൻ വിദ്യാർത്ഥി എന്ന മേൽ - കീഴ് വിഭജനം അവസാനിക്കുകയും അദ്ധ്യാപക-വിദ്യാർത്ഥി, വിദ്യാർത്ഥി-അദ്ധ്യാപകൻ എന്നീ പുതിയ പ്രയോഗങ്ങൾ ഉടലെടുക്കുകയും ചെയ്യും. കാരണം അയാൾ സംവാദത്തിലേർപ്പെട്ടു കൊണ്ട് പഠിക്കുകകൂടി ചെയ്യുകയാണ്. കുട്ടികൾക്ക് സ്വന്തം ചിന്തയിലൂടെ അയാളെയും പഠിപ്പിക്കാനുണ്ട്. ബ്രസീലിൽ നിന്നും ചിലിയിൽ നിന്നും നേടിയെടുത്ത ആശയങ്ങളിൽ നിന്നു രൂപപ്പെട്ടതിനാൽ ഫ്രെയർ ഈ വിപ്ലവകരമായ ക്ലാസ് മുറി പരിഷ്കാരത്തിന് വിമോചനാത്മക വിദ്യാഭ്യാസം എന്നാണ് പേരു നൽകിയത്. സാമൂഹിക പരിവർത്തനം ലക്ഷ്യമിടുന്ന വിപ്ല്വകാരികൾക്ക് ഇടക്കാല പരിപാടിയായി പോലും ബാങ്കിംഗ് സമ്പ്രദായത്തെ ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ വിപ്ലവകാരികളാണെങ്കിൽ സംവാദാത്മകർ (ഡയലോജിക്കൽ) ആയേ തീരൂ എന്നും ഫ്രെയർ എഴുതി.

ലോകബാങ്ക്, യുനെസ്കോ, യൂണിസെഫ്, യു എൻ ഡി പി എന്നിവരുടെ മുഖ്യ സംഘാടനത്തിൽ 1990 മാർച്ച് 5 മുതൽ 9 വരെ തായ്‌ലാൻഡിലെ ജ്യോംതിയനിൽ നടന്ന ലോകവിദ്യാഭ്യാസസമ്മേളനമാണ് ആഗോളതലത്തിൽ -വിശേഷിച്ച് വികസ്വരരാജ്യങ്ങളിൽ - നിലവിലുള്ളതിനെ മാറ്റി പകരം പുതിയ വിദ്യാഭ്യാസപദ്ധതിയ്ക്കുവേണ്ടിയുള്ള സത്വര നടപടികളെ നിർദ്ദേശിച്ചത്. ഏവർക്കും വിദ്യാഭ്യാസം (Education for All) എന്ന മുദ്രാവാക്യത്തെ മുന്നോട്ടു വച്ച സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട 'വികസ്വരരാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ’ പ്രബന്ധത്തിലും വട്ടമേശാ രേഖകളിലും പിന്നീട് ഡി പി ഇ പിയ്ക്കും അനുസാരി പദ്ധതികൾക്കും രൂപം നൽകിയ അടിസ്ഥാന സിദ്ധാന്തങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും അടിത്തറയുണ്ട്. കേരളത്തിൽ പുതിയ പാഠ്യപദ്ധതി എന്ന് സാമാന്യമായി വ്യവഹരിക്കപ്പെടുന്ന സംഗതി കൂലംകഷമായ മാറ്റത്തിന്റെ മുന്നുപാധികളാണ്. അദ്ധ്യാപക പരിശീലനത്തിലും അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിലുമായി പരാമർശിക്കപ്പെടുന്ന ചില താക്കോൽ വാചകങ്ങൾക്ക് പിന്നിലുള്ള ചിന്തകരെയും അവരുടെ ആശയങ്ങളെയും ഒന്നടുത്തു നോക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

അവയിലൊന്ന് ‘ശിശുകേന്ദ്രിതം’(Child centered) എന്ന വാക്കാണ്. അദ്ധ്യാപകകേന്ദ്രിതമായിരുന്ന (ഇപ്പോഴുമായ) വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ചൂണ്ടിക്കാട്ടി അതിനെ ശിശുകേന്ദ്രിതമാക്കുന്നതിനെക്കുറിച്ച് പറഞ്ഞതും പ്രവർത്തനങ്ങളിലൂടെയുള്ള പഠനത്തിന്റെ മെച്ചം ചൂണ്ടിക്കാട്ടിയതും ജോഹാൻ ഹെൻ‌ട്രിച്ച് പെസ്റ്റലോസിയാണ് (1746-1827) വിദ്യാർത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും പഠനം ആരംഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. വസ്തുക്കൾ, പഠനസാമഗ്രികൾ എന്ന രീതിയിൽ ക്ലാസ് മുറികളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും പെസ്റ്റലോസിയുടെ കാലത്താണെന്ന് പറഞ്ഞുകേൾക്കുന്നു. അതായത് വസ്തുക്കളിലൂടെ അനുഭവങ്ങൾ നൽകി അറിവു നിർമ്മിക്കപ്പെടുക എന്ന പ്രക്രിയയെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. വസ്തുക്കൾ ഉപയോഗിച്ചുള്ള ആശയ നിർമ്മാണത്തെ ‘വസ്തുപാഠം’ എന്നാണ് അദ്ദേഹം വിളിച്ചത്. ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു താക്കോൽ വാക്കായ, അനുഭവാത്മകപഠനത്തിലേയ്ക്കുള്ള (Experimental Learning) ചുവടുവയ്പ്പായിരുന്നു ഇത്.

ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നൽകിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോൺ ഡ്യൂയി.(1859-1952) സ്ഥിരനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകൾ കുട്ടികളിൽ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദർശിച്ചു. ചെയ്തു പഠിക്കുക എന്ന സമീപനത്തെ വിദ്യാഭ്യാസചിന്തയിൽ സമർത്ഥമായി ഇണക്കിയ ആളുകൂടിയാണദ്ദേഹം. പഠനം ആവശ്യങ്ങളിൽ അധിഷ്ഠിതവും താത്പര്യം ജനിപ്പിക്കുന്നതും ആക്കിതീർക്കാനാണ് ഡ്യൂയി പരീക്ഷണങ്ങളിൽ ഉത്സാഹിച്ചത്. ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കാത്ത പ്രോജക്ടുകൾ വിദ്യാഭ്യാസത്തിലെ ‘ഉദ്ഗ്രഥിതസമീപനം’ എന്ന ആശയത്തിനാണ് ഊന്നൽ നൽകിയത്. വിദ്യാഭ്യാസം, ജീവിതപ്രശ്നം തന്നെയാണെന്നും നാളത്തെ ജീവിതത്തിനുവേണ്ടിയുള്ള വെറും തയാറെടുപ്പല്ലെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂയിയുടെ കാഴ്ചപ്പാടുകൾ പുതിയ പാഠ്യപദ്ധതിയിൽ കാര്യമായി തന്നെ കയറിപ്പറ്റിയിട്ടുണ്ട്. പ്രോജക്ട് പഠനം, പ്രവർത്തനങ്ങളിലൂടെയുള്ള പഠനം (learning by doing), തൊഴിൽ പഠനം, പ്രശ്നപരിഹരണ പഠനം, സഹവർത്തിതപഠനം (Collaborative Learning) തുടങ്ങിയ സ്വീകരിച്ചിരിക്കുന്നത് ജോൺ ഡ്യൂയിയുടെ സങ്കൽ‌പ്പനങ്ങളിൽ നിന്നാണ്.

സ്വിസ്സർലണ്ടുകാരനായ ജീൻ പിയാഷേയാണ് (1896-1980) ജ്ഞാനനിർമ്മിതിവാദത്തെ വിദ്യാഭ്യാസത്തിൽ കടത്തി വിടുന്നതിൽ മുഖ്യപങ്കു വഹിച്ച ചിന്തകൻ. അറിവ് മുൻ‌കൂട്ടി നിർമ്മിക്കപ്പെട്ട രൂപത്തിൽ നമ്മിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് എന്നാണ് പിയാഷേ പറഞ്ഞത്. അതുകൊണ്ടു തന്നെ അത് അത്യന്തികമായ യാഥാർത്ഥ്യമല്ല. അറിവ് എന്താണെന്ന അതി പുരാതനകാലം മുതൽക്കുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ മനശ്ശാസ്ത്രത്തിന്റെ കൂടി സഹായം തേടിക്കൊണ്ട് മുന്നോട്ടുപോവുകയാണ് പിയാഷേ ചെയ്തത്. ഡാർവിന്റെ പരിണാമവാദം ചെലുത്തിയ സ്വാധീനത്തിന്റെ ഫലം കൊണ്ടാകാം ചുറ്റുപാടുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വയം നടത്തുന്ന നിരീക്ഷണങ്ങൾക്ക് പഠനപ്രക്രിയയിൽ പിയാഷേ മുഖ്യ പ്രാധാന്യം നൽകി. അദ്ധ്യാപകർക്ക് ഉപയോഗിക്കാനുള്ള മാന്വലുകളുടെ അത്ര നിർബന്ധിതമല്ല വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ എന്നു പറഞ്ഞുകൊണ്ട് അദ്ധ്യാപകൻ പഠിതാവാകേണ്ടതിന്റെ ആവശ്യകതയിൽ പിയേഷേ ഊന്നി.

പുതിയ വിദ്യാഭ്യാസരീതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം മുഴങ്ങിക്കേട്ടിട്ടുള്ള പേര് പക്ഷേ ഇവരുടേതാരുടെയുമല്ല. റഷ്യക്കാരനായ ലഫ് വീഗോട്സ്കി (1896-1934) യുടേതാണ്. കുറച്ചുകാലം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും സ്റ്റാലിന്റെ റഷ്യയിൽ കനത്ത നിയന്ത്രണങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ടും അദ്ദേഹം നിരന്തരമായ അന്വേഷണങ്ങളിൽ മുഴുകി. സംഭാവനകളുടെ കനം മരനത്തിനു ശേഷമാണ് ലോകം അറിഞ്ഞു തുടങ്ങിയതെന്നു മാത്രം. ‘ബോധനമനഃശാസ്ത്രമാണ്’ (Pedagogical Psychology) അദ്ദേഹം ജീവിച്ചിരുന്ന കാലത്തിറങ്ങിയ മുഖ്യകൃതി. താൻ ജീവിക്കുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കുട്ടിയെ സഹായിക്കുന്നത് സവിശേഷമായ സാംസ്കാരിക ഉപകരണങ്ങളാണെന്ന് വിഗോട്സ്കി പറഞ്ഞു. അവയെ മാനസിക ഉപകരണങ്ങൾ (ചിഹ്നവ്യവസ്ഥകൾ, സാങ്കേതിക വിദ്യകൾ, ഓർക്കാനുള്ള തന്ത്രങ്ങൾ...തുടങ്ങിയവ) ഭൌതിക ഉപകരണങ്ങൾ ( പുസ്തകം , പേന, സ്ഥാപനങ്ങൾ....തുടങ്ങിയവ) എന്നിങ്ങനെ തിരിക്കാം. സമൂഹത്തിൽ ഇടപെടുക എന്നതിനർത്ഥം സാംസ്കാരിക ഉപകരണങ്ങളുമായി ഇടപെടുക എന്നതാണ്. സാംസ്കാരിക ഉപകരണങ്ങൾ, സ്വതവേ പരിമിതനായ മനുഷ്യന്റെ ശേഷികളെ അപരിമിതമാക്കുന്നു.

രണ്ടുതരം മാനസികധർമ്മങ്ങൾ കുട്ടികൾക്ക് സാധ്യമാവുന്നുണ്ട് എന്നാണ് വിഗോട്സ്കിയുടെ കണ്ടെത്തൽ. താഴ്ന്ന മാനസിക ധർമ്മങ്ങളും (ഓർമ്മ, സംവേദനം, ശ്രദ്ധ..തുടങ്ങിയവ) ഉയർന്ന മാനസികശേഷികളും (യുക്തി, ആസൂത്രണം, അമൂർത്തചിന്ത...തുടങ്ങിയവ) വിദ്യാഭ്യാസം ഊന്നൽ നൽകേണ്ടത് ഉയർന്ന മാനസികശേഷികളുടെ വികാസത്തിനാണ്. ഓരോ വ്യക്തിയ്ക്കും സ്വന്തം നിലയിൽ എത്തിച്ചേരാവുന്ന പഠനനേട്ടത്തിന്റെ ഒരു നിലയും (കറന്റ് ലെവൽ) മറ്റൊരാളിന്റെ സഹായത്തോടെ എത്തിച്ചേരാവുന്ന മറ്റൊരുനിലയും (പൊട്ടെൻഷ്യൽ ലെവൽ) ഉണ്ട്. കൂട്ടുച്ചേർന്നുള്ള പഠനത്തിൽ തന്നേക്കാൾ അറിവുള്ള ഒരാളുടെ സഹായത്താൽ ഉയർന്ന നില കൈവരിക്കാൻ കുട്ടിയ്ക്ക് കഴിയുന്നു. ഗ്രൂപ്പുകൾ മാറിക്കൊണ്ടിരുന്നാൽ കൈവരിക്കാവുന്ന പഠനസാദ്ധ്യതകളും മാറും. (ഡ്യൂയിക്ക് ഗ്രൂപ്പ് മാറ്റം, ജനാധിപത്യത്തിന്റെ പരിശീലനമാണ്) അങ്ങനെ വ്യക്തിഗതമായ നിലവിലുള്ള സാധ്യതയുടെയും എത്തിച്ചേരാവുന്ന ഉയർന്ന സാധ്യതകളുടെയും ഇടയിലാണ് പഠനം നടക്കുന്നത്. ഈ മേഖലയെ ZPD (സോൺ ഓഫ് പ്രോക്സിമൽ ഡെവലപ്മെന്റ്) എന്ന് വിഗോട്സ്കി വിളിക്കുന്നു. കേരളത്തിൽ ഒരുപാട് വിമർശനം ഏറ്റു വാങ്ങിയ ‘കൈത്താങ്ങ്‘(സ്കഫോൾഡിംഗ്) എന്ന പ്രയോഗം വിഗോട്സ്കിയുടെ ആശയത്തിൽ നിന്നും കടന്നു വന്നതാണ്. അദ്ധ്യാപകൻ പഠനത്തിൽ വിദ്യാർത്ഥിക്കു താങ്ങു നൽകുന്ന ‘ഫെലിസിറ്റേറ്റർ’ മാത്രമാണെന്ന ആശയം, സർവജ്ഞനും ഒഴിഞ്ഞ പാത്രത്തിൽ ജ്ഞാനം എന്ന ഭിക്ഷ വിളമ്പുന്നവനും സമാദരണീയനായ മാതൃകയുമാണെന്ന പാരമ്പര്യരീതിയ്ക്ക് ദഹിക്കുന്നതല്ല. അതേ കൈതാങ്ങാണ് സഹപഠനത്തിൽ കുട്ടിയ്ക്ക് കൂടെയുള്ള മറ്റൊരു വിദ്യാർത്ഥിയും നൽകുന്നത് എന്നു വരുമ്പോൾ ക്ലാസ് മുറിയിൽ അദ്ധ്യാപകന്റെ സർവ പ്രാമാണിത്തം ഒന്നുകൂടി താഴുന്നു. ഇതാണ് എതിർപ്പിന്റെ മൂലകാരണം. സഹകരണ പഠനം (co-operative learning) സഹവർത്തിത പഠനം (collaborative learning ) തുടങ്ങിയ കൽ‌പ്പനകളെ വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനാവും വിധം വികസിപ്പിച്ചതും വിഗോട്സ്കിയാണ്.

നേരത്തേ ലഭിച്ച അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുത്തി പുതിയ പഠനപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ആളായി കുട്ടിയെ അവതരിപ്പിക്കുന്ന ജ്ഞാനനിർമ്മിതിവാദത്തിന്റെ ശക്തനായ വക്താവാണ് അമേരിക്കക്കാരനായ ജെറോം എസ് ബ്രൂണർ (1915-) പിയാഷെ, ജോൺ ഡ്യൂയി തുടങ്ങിയവരുടെ ആശയങ്ങളെ ഇദ്ദേഹം കുറേകൂടി മുന്നോട്ടു കൊണ്ടുപോവുകയാണുണ്ടായത്. ഒരു സമൂഹം അതിലെ അംഗങ്ങളുടെ തുടർച്ചയായ പരിഗണനയ്ക്കു വിഷയമാകണമെന്ന് കരുതുന്ന മുഖ്യപ്രശ്നങ്ങളെയും തത്ത്വങ്ങളെയും മൂല്യങ്ങളെയും കേന്ദ്രീകരിച്ച നടത്തുന്ന പാഠ്യപദ്ധതിയ്ക്ക് ബ്രൂണർ നൽകിയ പേര് ‘ചാക്രിക പാഠ്യപദ്ധതി’ (Spiral Curriculum) എന്നാണ്. നമ്മുടെ പ്രശ്നാധിഷ്ഠിത പാഠപുസ്തകങ്ങളിലേയ്ക്കുള്ള മേൽ‌പ്പാലമാണ് ബ്രൂണറുടെ ഈ ആശയം. കുട്ടി സ്വയം കണ്ടത്തുന്ന അറിവാണ് മെച്ചപ്പെട്ടത്. നിരീക്ഷണം, അളക്കൽ, തരം തിരിക്കൽ, പ്രവചനം, വിശദീകരിക്കൽ, നിഗമനത്തിലെത്തൽ തുടങ്ങിയ മാനസികശേഷികൾ ഉപയോഗിച്ച് വേണം പഠനം നടക്കാൻ. ഇതിനു ബ്രൂണർ നൽകിയ പേരാണ് കണ്ടെത്തൽ പഠനം (Discovery Learning). സെന്റർ ഫോർ കോഗ്നിറ്റീവ് സ്റ്റഡീസ്, ഹാർവാർഡിൽ സ്ഥാപിച്ചുകൊണ്ട് പഠനം എന്ന ബൌദ്ധികപ്രക്രിയ(cognitive process)യ്ക്ക് ബ്രൂണർ പ്രത്യേക അടിവര നൽകി. വിഗോട്സ്കിയോട് ബ്രൂണർക്ക് പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സങ്കൽ‌പ്പമായ ‘സംസ്കാരത്തിന്റെ ഉപകരണങ്ങൾ’ ആർജിക്കാനുള്ള കഴിവായിട്ടാണ് ബ്രൂണർ ‘ബുദ്ധിശക്തി’യെ നിർവചിച്ചത്.

1983-ലാണ് ‘ബുദ്ധിയുടെ ബഹുമുഖം’ (Multiple intelligence) എന്ന വ്യത്യസ്തമായൊരു സിദ്ധാന്തം ഹൊവാർഡ് ഏൾ ഗാർഡ്‌നർ (1943-) അവതരിപ്പിക്കുന്നത്. പരീക്ഷവഴി അളന്നെടുക്കാൻ കഴിയും എന്നു വിശ്വസിച്ചിരുന്ന, മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പത്തെയാണ് നാസി ജർമ്മനിയിൽ നിന്ന് അഭയം തേടി അമേരിക്കയിലെത്തിയ മാതാപിതാക്കളുടെ മകനായ ഗാർഡ്‌നർ തകർത്തത്. ‘ഒന്നോ അതിലധികമോ സാംസ്കാരിക സാഹചര്യങ്ങളിൽ വിലമതിക്കാൻ ഇടയുള്ള, പ്രശ്നപരിഹാരം നടത്താനോ ഉത്പ്പന്നങ്ങൾ രൂപകൽകൽ‌പ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ബുദ്ധി എന്ന് അദ്ദേഹം വിളിച്ചത്. ആദ്യം പല ആളുകളും ഈ സിദ്ധാന്തം ഉൾക്കൊള്ളാൻ മടിച്ചെങ്കിലും വമ്പിച്ച സ്വാധീനമാണ് ബഹുമുഖ ബുദ്ധിയെന്ന ആശയം പിന്നീട് ഉണ്ടാക്കിയത്. 1. ഭാഷാപരമായ ബുദ്ധി 2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി 3. ദൃശ്യസ്ഥലപരമായ ബുദ്ധി 4. ശാരീരിക ചലനപരമായ ബുദ്ധി 5. സംഗീതപരമായ ബുദ്ധി 6. വ്യക്ത്യാന്തരബുദ്ധി 7. ആന്തരിക വൈയക്തിക ബുദ്ധി 8. പ്രകൃതിപരമായ ബുദ്ധി തുടങ്ങിയവയാണ് ബുദ്ധിയുടെ ബഹുമുഖങ്ങൾ. ഇവയെയെല്ലാം പരിഗണിച്ചുകൊണ്ടുള്ള പഠനസമ്പ്രദായത്തിന് ഓർമ്മശക്തിമാത്രം പരീക്ഷിക്കുന്ന പഠന-മൂല്യനിർണ്ണയ രീതിയേക്കാൾ മികവുണ്ടാവുമല്ലോ. അമേരിക്കയിലെ ന്യൂസിറ്റി സ്കൂളിൽ പ്രതിവർഷം ആയിരക്കണക്കിനാളുകൾ വിദ്യാഭ്യാസത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ സിദ്ധാന്തം നടപ്പിലാക്കിയ സ്കൂളുകൾ വ്യക്തമായ പുരോഗതി കാണിച്ചു എന്ന പഠനങ്ങൾ കാണിക്കുന്നു എങ്കിലും ‘ബുദ്ധിയുടെ ബഹുമുഖങ്ങൾ ഒരിക്കലും വിദ്യാഭ്യാസലക്ഷ്യമാവരുത്‘ എന്നാണ് ഗാർഡ്‌നറുടെ അഭിപ്രായം. കാരണം മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ലക്ഷ്യങ്ങൾ ഒരിക്കലും ശാസ്ത്രനേട്ടങ്ങളിൽ നിന്നല്ലത്രേ ഉണ്ടാവേണ്ടത്!

‘സ്വീകരണപഠനം (reception learning) തുടങ്ങിയ അസുബെലിന്റെ ആശയങ്ങൾ, പ്രത്യേക ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിലും മൂല്യ നിർണ്ണയത്തിലും വിഗോട്സ്കിയൻ സ്കൂളുകാർ മുന്നോട്ടു കൊണ്ടുപോയ സങ്കൽ‌പ്പങ്ങൾ തുടങ്ങിയ ഒരു പിടി കാര്യങ്ങൾ ഇതോടൊപ്പം ചേർത്തു വയ്ക്കേണ്ടതുണ്ട്. എങ്കിലും സാമാന്യാവലോകനമെന്ന നിലയിൽ പാഠപുസ്തകം, ബോധന രീതി, ക്ലാസ് മുറി അഥവാ സ്കൂൾ അന്തരീക്ഷം, അദ്ധ്യാപകർ, പരീക്ഷ, മൂല്യനിർണ്ണയം തുടങ്ങിയ കാതലായ കാര്യങ്ങളിലേയ്ക്ക് പുതിയ ചിന്തകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കു തന്നെ കടന്നു കയറിയിട്ടുണ്ട്. കേരളത്തിൽ എൺപതുകളുടെ ഒടുക്കവും തൊണ്ണൂറുകളുടെ തുടക്കവുമായി പുറത്തിറങ്ങിയ ചില പുസ്തകങ്ങളെങ്കിലും നമ്മുടെ വിദ്യാഭ്യാസ രീതിയുടെ സാമ്പ്രദായികമായ ചുറ്റുവട്ടങ്ങളെ പ്പറ്റി ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. യതിയുടെ പരിവർത്തിതോന്മുഖ വിദ്യാഭ്യാസം, ഇവാൻ ഇലിച്ചിന്റെയും പൌലോഫ്രെയറുടെയും പുസ്തകങ്ങളുടെ വിവർത്തനം, കനവും പള്ളിക്കൂടവും സാരംഗും പോലുള്ള പോലുള്ള ബദൽ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവിർഭാവം തുടങ്ങിയവ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. വിമർശനങ്ങളുടെ വെയിലത്ത് വാടാതെയും നെടുവീർപ്പുകളിൽ ഉലയാതെയും 1998-99 കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിൽ വ്യാപിച്ച ഡിപി ഇ പിയുടെ സൈദ്ധാന്തിക അടിത്തറ നവീന ആശയങ്ങളാൽ ഭദ്രമാണ് എന്നൊരു വാദമുണ്ട്. പക്ഷേ അവയുടെ പ്രയോഗം നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും നടക്കുന്നത് പൌലോ ഫ്രെയർ ‘ബാങ്കിംഗ് വിദ്യാഭ്യാസം’ എന്നു വിളിച്ച രീതിയിൽ തന്നെയാണ്. മര്യാദപഠിപ്പിക്കുന്ന മികച്ച അദ്ധ്യാപകനും ‘കാടനായി’ ജനിച്ചെങ്കിലും മാതൃകാ അദ്ധ്യാപകന്റെ ശിക്ഷണത്തിൽ ഉത്തമപൌരനാവുകയും സാറ്‌ ക്ലാസിൽ പാടിയ പടുപാട്ടുകൾ പരീക്ഷാ മുറിയുടെ ഏകാന്തതയിലിരുന്ന് കാണാതെ എഴുതി ചരിതാർത്ഥനാവുന്ന വിദ്യാർത്ഥിയും ഒന്നും ഇന്നും നമ്മുടെ ഭാവനാമാതൃകയിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. മായ്ക്കാനുള്ള ശ്രമവുമില്ല. അതുകൊണ്ട് മാറിയ പാഠ്യക്രമം, അതിന്റെ സൈദ്ധാന്തികമായ അടിത്തറയായി എന്തു് ഉയർത്തിപിടിച്ചാലും ഫ്രെയറു പറയുന്നതുപോലെ കൊളോണിയൽ മൂല്യങ്ങൾ വർഷങ്ങളായി ഉള്ളിൽ ആവേശിച്ച സമൂഹം, അധിനിവേശകനും അധിനിവേശിതനുമായി തിരിഞ്ഞ് സ്വന്തം ജനതയ്ക്കെതിരെ തന്റെ മജ്ജയിൽ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ നിരന്തരം പ്രയോഗിച്ചുകൊണ്ടേയിരിക്കും. അതാണ് നമ്മുടെ ക്ലാസ് മുറികൾ. ചൂരൽ മാറി മർദ്ദനോപകരണം സി ഇ (continues evaluation) ആയതുകൊണ്ട്, ചോക്കും കരിമ്പലകയും മാറി ലാപ്ടോപ്പും ഇന്റെനെറ്റും ഡി എൽ പിയും വന്നതുകൊണ്ട് മാനം തെളിയുമോ എന്നു ചോദിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.